കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം, ഭാര്യയ്ക്കും മകള്‍ക്കും പങ്ക്; പത്മകുമാറിന്റെ മൊഴി

കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകലില്‍ നിര്‍ണായക മൊഴി പുറത്ത്. ആറുവയസുകാരിക്കൊപ്പം സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു. രണ്ടു കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. രക്ഷപെട്ട സഹോദരന്‍ വിവരം പുറത്തറിയിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്നും പ്രതി പത്മകുമാറിന്റെ മൊഴി. കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പത്മകുമാര്‍ പറഞ്ഞതായാണ് വിവരം. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്‍കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന് പ്രതി. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്നും പത്മകുമാര്‍ പറയുന്നു.

രണ്ടുകോടി കടമുണ്ടെന്നും അത് വീട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി വ്യക്തമാക്കി. ഭാര്യയ്ക്കും മകള്‍ക്കും കൃത്യത്തില്‍ പങ്കെന്നും പത്മകുമാര്‍ പറഞ്ഞതായാണ് വിവരം. ഇവരെയും പ്രതി ചേര്‍ക്കും. കുട്ടിയുടെ അച്ഛനോട് പത്മകുമാറിന് വൈരാഗ്യമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ളത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ്.