കൂത്താട്ടുകുളം: കുസാറ്റ് അപകടത്തിൽ മരിച്ച അതുൽ തമ്പിക്ക് കണ്ണീരോടെ വിട ചൊല്ലി കുടുംബം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. പല ജോലികളും ചെയ്ത് കുടുംബത്തിന് കൈത്താങ്ങായ അതുൽ ഇടയ്ക്കുമുടങ്ങിയ പഠനം പുനരാരംഭിച്ച് രാജ്യത്തെതന്നെ മികച്ച ക്യാമ്പസിൽ അഡ്മിഷൻ നേടിയെടുക്കുകയായിരുന്നു.

ഫെസ്റ്റിൽ പങ്കെടുക്കാൻ പോകും മുൻപ് വീട്ടിൽ അമ്മയെയും അച്ഛനെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കുസാറ്റിലെ അപകടം ടിവിയിലൂടെയാണ് കുടുംബാംഗങ്ങൾ അറിഞ്ഞത്. തുടർന്ന് സഹോദരൻ സംഭവസ്ഥലത്തെത്തി. മാതാപിതാക്കൾ അതുലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഒരു സുഹൃത്ത് ഫോൺ എടുക്കുകയായിരുന്നു. അതുലിനു എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയെങ്കിലും മരണവാർത്തയറിഞ്ഞത് ഏറെ വൈകിയാണ്.


കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ എം തമ്പിയുടെയും ലില്ലിയുടെയും മകനാണ് 24 കാരനായ അതുൽ. പഠനത്തിൽ മിടുക്കനായിരുന്ന അതുലിനെ അന്നത്തെ സാമ്പത്തികപ്രയാസം കണക്കിലെടുത്ത്, സ്വാശ്രയ കോളേജുകളെ ആശ്രയിക്കാതെ മുട്ടത്ത് പോളിടെക്നിക്കിൽ ചേർത്തു. പഠനശേഷം കോൺട്രാക്ടറുടെകൂടെ സൂപ്പർവൈസറായി പോയി. ഇതിനിടെ പഠിച്ച് കുസാറ്റിൽ എൻജിനിയറിങ്ങിന് അഡ്മിഷൻ കിട്ടി. ഹോസ്റ്റലിലായിരുന്നു താമസം. അച്ഛൻ തമ്പി കർഷകത്തൊഴിലാളിയാണ്. അമ്മ ലില്ലി റിട്ട. പിഡബ്ല്യുഡി ജീവനക്കാരിയാണ്. ഏകസഹോദരൻ അജിൻ തമ്പിക്ക് കാക്കനാട് ഇൻഫോപാർക്കിലാണ് ജോലി.























