കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ്മുറിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. ചേർത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചതായും സംഭവത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

തന്റെ കാൽമുട്ട് കൊണ്ട് കുഞ്ഞിന്റെ തലയിൽ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാൻ ശരീരത്തിൽ കടിച്ചുനോക്കിയെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കണ്ണൂർ സ്വദേശിയായ ഷാനിഫും ചേർത്തല സ്വദേശിനിയായ അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.


കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്ജിൽ മുറിയെടുത്തതെന്നാണ് പോലീസ് നൽകുന്നവിവരം. കുഞ്ഞിനെ കൊല്ലാൻപോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിർക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു.
ഡിസംബർ ഒന്നാംതീയതിയാണ് ഇരുവരും കുഞ്ഞുമായെത്തി ലോഡ്ജിൽ മുറിയെടുത്തത്. രണ്ടാംതീയതി രാവിലെ അബോധവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിലെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്നാണ് ഇവർ ആദ്യം ഡോക്ടറോട് പറഞ്ഞത്. എന്നാൽ കുഞ്ഞിന്റെ ദേഹത്ത് പരിക്കുകൾ കണ്ടതോടെ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.























