ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ പ്രളയത്തിൽ വസതികളിൽ കുടുങ്ങിയ നടന്മാരായ വിഷ്ണു വിശാൽ, ആമിർ ഖാൻ എന്നിവരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്.’’ എന്നാണ് വിഷ്ണു കുറിച്ചത്.


ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞതോടെ തന്നെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തിയ കാര്യംകൂടി വിഷ്ണു വിശാൽ അറിയിച്ചു. ഇതിനൊപ്പം വിഷ്ണു പങ്കുവെച്ച ചിത്രങ്ങളിൽ ആമിർ ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകമറിഞ്ഞത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
പ്രളയത്തെത്തുടർന്ന് ചെന്നൈയിൽ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടർന്ന് 17 സബ്‌വേകൾ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.























