കോഴിക്കോട്: ജാനകിക്കാട് കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി. 1, 3, 4 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിക്ക് 30 വർഷം തടവും നാദാപുരം പോക്സോ കോടതി വിധിച്ചു. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുൽ എന്നിവരാണ് കേസിലെ പ്രതികൾ. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു.

2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർഥിനിയായ ദലിത് പെൺകുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. വിനോദയാത്രക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ ജാനകിക്കാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലഹരി കലർത്തിയ ശീതളപാനീയം നൽകി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ സായൂജ് ആണ് പ്രേമം നടിച്ച് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ചത്.

























