തൃശൂർ: അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻറെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കുഞ്ഞിൻറേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. യുവതി പോലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടർമാർക്ക് മനസ്സിലായത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിൻറെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി.


വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്. ഇവർക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്.























