നടൻ കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടി; അച്ഛനും മകനും അറസ്റ്റില്‍

തിരുവനന്തപുരം: പണം ഇരട്ടിപ്പിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്ത് നടൻ കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും മകനും ചേര്‍ന്നാണ് തുളസിയുടെ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടി. സന്തോഷ് കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്.

ജി കാപിറ്റൽ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും. അത്തരത്തില്‍ നടൻ കൊല്ലം തുളസി ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നൽകിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനൽകി. പിന്നീട് നാലു ലക്ഷം നൽകിയപ്പോൾ എട്ടു ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. ഇതോടെ 20 ലക്ഷം നൽകിയെങ്കിലും പിന്നീട് ഒന്നുംനടന് തിരിച്ചു ലഭിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.