കൊച്ചി: നടൻ വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

നീ നടൻ വിനായകന്റെ ചേട്ടനല്ലേ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു. എന്നാൽ വിക്രമൻവളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാർ, നടൻ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു.


പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുൻവൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാർപാടത്ത് ഹാൾട്ടിങ് സ്റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല. യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാർ ഒരു 15 ദിവസം വണ്ടി സ്റ്റേഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.























