നവകേരളസദസ്: മുഖ്യമന്ത്രി എത്തുന്ന ദിവസം വേദിക്ക് സമീപം കടകളില്‍ LPG ഉപയോഗിച്ച് പാചകം പാടില്ലെന്ന് നിര്‍ദേശം

കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം സമ്മേളന വേദിക്ക് സമീപമുള്ള കടകളില്‍ എല്‍പിജി (പാചകവാതകം) ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് നിര്‍ദ്ദേശം. പാചകം പാടില്ലെന്ന നിര്‍ദേശമല്ല നല്‍കിയിട്ടുള്ളതെന്നും അഞ്ചോ ആറോ കടകള്‍ക്ക് മാത്രമാണ് ബാധകമെന്നും ആലുവ പോലീസ് പറയുന്നു.

‘പാചകം പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. സെഡ് കാറ്റഗറിയിലുള്ള വ്യക്തി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി എല്‍പി ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് മാത്രമാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ നിര്‍ദേശം ഉള്ളതാണ്. ഇത്തരത്തില്‍ നിര്‍ദേശം ഓര്‍ഡറായി നല്‍കുന്നത് അപൂര്‍വമാണെന്നേ ഉള്ളൂ. ഭക്ഷണം വില്‍ക്കാന്‍ പാടില്ലെന്നോ കട തുറക്കാന്‍ പാടില്ലെന്നോ പറഞ്ഞിട്ടില്ല. ഈ നിര്‍ദേശം തന്നെ പരിപാടി നടക്കുന്ന വേദിക്ക് സമീപമുള്ള അഞ്ചോ ആറോ കടകള്‍ക്ക് മാത്രമേ ബാധകമുള്ളൂ.’ ആലുവ പോലീസ് വ്യക്തമാക്കി.

സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പോലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.