ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരെ മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളം കാക്കനാടുള്ള ഹോട്ടലുടമയ്ക്കെതിരെ മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തി. യുവാവിന്റെ രക്ത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി.നേരത്തേ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരുന്നത്. ഭക്ഷ്യവിഷബാധയേറ്റിരുന്നുവെന്ന് രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ആരോപിക്കുന്നത്. അതേസമയം രാഹുല്‍ ഡി നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.