വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്

വയനാട് വാകേരിയിൽ ക്ഷീര കർഷകൻ പ്രജീഷിനെ കൊന്ന് തിന്ന നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളയ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു.

അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പ്രജീഷിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പുല്ലരിയാൻ പോയ പ്രജീഷിൻറെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തിനുള്ള ധനസഹായം, വനാതിർത്തിയിൽ ടൈഗർ ഫെൻസിംഗ്, കാടുവെട്ടിത്തെളിക്കാൻ സ്വകാര്യ ഭൂവുടമകളോട് നിർദേശം നൽകൽ, പ്രജീഷിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ഉപാധികളും അംഗീകരിച്ചിട്ടുണ്ട്