വീടും സ്ഥലവും ഉണ്ടെന്ന വാർത്ത; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി, മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്ന് മറിയക്കുട്ടി

തിരുവനന്തപുരം: വിധവ പെൻഷൻ കിട്ടാത്തതില്‍ യാചനസമരം നടത്തിയ മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാർത്ത തിരുത്തി ദേശാഭിമാനി. വാർത്തയിൽ പിശക് സംഭവിച്ചതാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ദേശാഭിമാനി ഇതുമായി ബന്ധപ്പെട്ട് ഇന്ന് നൽകിയ വാർത്തയിൽ പറയുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പി.സി പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ​വന്ന വാർത്ത പിശകാണ്. മറിയക്കുട്ടിയുടെ ​സഹോദരി വർഷങ്ങളായി വിദേശത്താണ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

എന്നാല്‍ വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇന്ന് ഹൈക്കോടതിയെ സമീപിക്കാത്തത്. മക്കളോട് കൂടി ആലോചിച്ച ശേഷമായിരിക്കും നാളെ ഹൈക്കോടതിയിൽ എത്തുക എന്നും അവര്‍ പറഞ്ഞു.