
കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും.


26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
ആലം മാത്രമാണ് കേസിലെ പ്രതി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നാലെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.























