എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോർത്തിയെന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാൽ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറ് മാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.