കാട്ടാക്കടയിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോയിൽ വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടയി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ബസ് സ്റ്റാന്റിൽ സംഘടിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.