
തിരുവനന്തപുരം: കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.


കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദന് പറഞ്ഞത് എന്തെന്ന് പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.























