കോട്ടയത്ത് പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത

കോട്ടയം: കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട പാമ്പാടി പങ്ങട സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി ഷാപ്പുപടിക്കടുത്ത് മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന് നേരെയായിരുന്നു ആക്രമണം.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലെത്തിയ അയൽവാസി ബിനോയ്, പശുവിന്റെ കണ്ണുകളിൽ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിലെടുത്തു. സ്വന്തമായി പശുവിനെ വളർത്തുന്ന ആളാണ് ബിനോയിയും. അടുത്തിടെയായി ബിനോയിയുടെ പശുവിന്റെ പാലിൽ കുറവ് അനുഭവപ്പെട്ടിരുന്നു.

താൻ അറിയാതെ തന്റെ പശുവിനെ അയൽവാസികൾ കറന്ന് പാൽ എടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു മിണ്ടാപ്രാണിയോട് ബിനോയ് ക്രൂരത കാട്ടിയത് എന്നാണ് പൊലീസ് അനുമാനം.