ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പിയും മുൻ അധ്യക്ഷനുമായി ബ്രിജ്ഭൂഷണൽ ശരൺ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ദേശീയമത്സരങ്ങൾ തിടുക്കത്തിൽ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തത്. ഫെഡറേഷൻ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതിൽ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്‌രംഗ് പുണിയ പദ്മശ്രീ തിരിച്ചുനൽകി. ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. ഇതിന് പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഗുസ്തി ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

























