പത്തനംതിട്ട: റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

നിയമലംഘനത്തെ തുടൻന്ന് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഇന്നലെ ഉത്തരവിട്ടത്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.


ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. അടുത്ത മാസം അഞ്ചിനു വീണ്ടും പരിഗണിക്കും.























