തുടർച്ചയായ അക്രമ സംഭവങ്ങൾ; മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്, 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. തുടർച്ചയായി അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കൂട്ട തല്ലിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച്ച രാത്രിയില്‍ നടന്ന് അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനവീയം വീഥിയിൽ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാർശ നൽകിയത്. നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. രാത്രി 12 മണിക്ക് ശേഷം കലാപരിപാടികൾ പാടില്ല. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കും.

12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം. ഒരു സമയം ഒന്നിൽ കൂടുതൽ കലാ പരിപാടികൾ അനുവദിക്കരുത്. 11 മണിക്ക് ശേഷം ദ്രുതകർമ്മ സേനയെ വിന്യസിക്കും. ലഹരി ഉപയോഗം തടയാൻ എക്‌സൈസിന്റെ ഉൾപ്പടെ പരിശോധന. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.