നിപ: 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസ് ഇല്ല

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മറ്റു ജില്ലകളിൽ ഉള്ള സമ്പർക്ക പട്ടികയിൽ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേർക്ക് രോ​ഗലക്ഷണങ്ങൾ ഒന്നും ഇല്ല. ആന്റിബോഡി മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കാൻ ഉള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി.