പ്രമുഖ സാമ്പത്തിക വിദ​​ഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദ​​ഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു. ശ്രീകാര്യത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.

1949 ഡിസംബർ മൂന്നിന് പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയിൽ മണിയമ്പത്തൂർ അയപ്പന്റെയും ചെറോണയുടെയും മകനായാണ് ജനനം. പാലക്കാട് വിക്ടോറിയ കോളജിൽ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 1974-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ പാസായി. മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന് ശേഷം ഒന്നാം റാങ്കോടെ സാമ്പത്തികശാസ്ത്രം എം എ പാസ്സാകുന്ന ആദ്യ ദളിത് വിദ്യാർഥിയായിരുന്നു എം കുഞ്ഞാമൻ. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എംഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി.

കേരളത്തിലെ വികസനപ്രതിസന്ധി, സ്‌റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്‍: എ സബാള്‍ട്ടേണ്‍ പെര്‍സ്‌പെക്ടീവ്, എകണോമിക് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്പ്‌മെന്റ് ഓഫ് ട്രൈബല്‍ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.