ഡല്‍ഹി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകും. ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.

സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയും പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

























