ശോഭനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം; ബിജെപിക്കാരി ആക്കേണ്ടെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: തൃശൂരിൽ ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ നടി ശോഭനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമർശനം. മികച്ച നേതൃത്വത്തിന് കീഴിലാണ് നാം ജീവിക്കുന്നതെന്നതടക്കമുള്ള ബിജെപി വേദിയിലെ ശോഭനയുടെ പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. എന്നാല്‍ ശോഭനയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. ശോഭനയെ ബിജെപിയുടെ അറയിൽ കാണുന്നില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയടക്കം കേരളീയം പരിപാടിയിലേക്ക് ആനയിച്ച ആളാണ് ഇപ്പോൾ മോദിയെ സ്തുതിച്ച് നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിലാണെന്ന് പറയുന്നതെന്നാണ് മുഖ്യവിമർശനം. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്നതടക്കമുള്ള പരാമർശങ്ങളെ വിമർശിച്ച് ശോഭനയുടെ ഫെയ്സ്ബുക്ക് പേജിലും ആക്രമണം രൂക്ഷമാണ്. ശോഭനയെ ബിജെപിയുടെ അറയിൽ കാണുന്നില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

ശോഭനയെ സംഘിയാക്കരുതെന്നും അങ്ങനെ ചെയ്താൽ സംഘിക്കാണ് ഗുണമെന്നുമാണ് എഴുത്തുകാരി എസ്.ശാരദക്കുട്ടിയുടെ പ്രതികരണം.