കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണു കൃത്യം നടത്തിയത്.വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വളപട്ടണം പൊലീസാണു കേസ് അന്വേഷിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് കൃത്യം നടത്തിയതെന്നും കുട്ടി സമ്മതിച്ചു. താന്‍ ശുചിമുറിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞ് വീട്ടുകാരെയാകെ ഉണര്‍ത്തുന്നതും ഈ കുട്ടി തന്നെയാണ്. ആദ്യ ഘട്ടത്തില്‍ കുട്ടിയോട് സംസാരിച്ചപ്പോള്‍ തന്നെ പൊലീസിന് ചില സംശയങ്ങള്‍ തോന്നിയിരുന്നു. 12 വയസുകാരിയുടെ പിതാവ് നേരത്തെ മരിച്ചുപോയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ കുട്ടിയെ ഒപ്പം നിര്‍ത്തി സംരക്ഷിച്ചുവരികയായിരുന്നു. ക്രൂരകൃത്യത്തിന് പ്രകോപനമായത് എന്തെന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
























