ശരീരമാസകലം നീലനിറം, മുറിവുകൾ; തിരുവനന്തപുരത്ത് 14കാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: വെങ്ങാനൂർ നരുവാമൂട്ടിൽ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാൻ പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടർന്ന് മുറിയിൽ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടൻ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.