കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വൻദുരന്തം

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ വച്ച നിലയിൽ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തി. എഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയിൽവേ പാളത്തിന് കുറുകെ വച്ച നിലയിൽ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ എഴുകോൺ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോൺ പൊലീസ് പറയുന്നത്. എന്നാൽ അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തിൽ പുനലൂർ റെയിൽവേ പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുൻപാണ് റെയിൽവേ പാളത്തിൽ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തിയത്. അതിനാൽ വൻഅപകടം ഒഴിവായി.