ബന്ധുവും അയൽവാസിയും പീഡിപ്പിച്ചു; വയനാട്ടിൽ പതിനാറുകാരി ആത്മഹത്യ ചെയ്തു

കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കിയ നിലയില്‍. ങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഇത് സ്കൂൾ അധികൃതർ ഈ മാസം 10ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പോക്സോ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.