16 കാരനെ പലസ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡനം; 19കാരി അറസ്റ്റിൽ

ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. 16 കാരനെയും കൊണ്ട് വീടുവിട്ട യുവതി പലസ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വള്ളിക്കുന്നം പൊലീസ് യുവതി അറസ്റ്റ് ചെയ്തത്. യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടത്.

മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ 16കാരനൊപ്പം യുവതി ഒളിവിൽ താമസിച്ചു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.