
തൃശൂർ: കൊരട്ടിയില്‍ സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെമൂന്നു പേരിൽ ഒരാൾ മരിച്ചു. തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ചയാണ് തങ്കമണി, മകൾ ഭാഗ്യലക്ഷ്മി (46), ചെറുമകൻ അതുൽ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു. ഭക്ഷണം കഴിച്ചതോടെ 3 പേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ശ്രീവത്സൻ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.
കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്കു വൻതുക വേണമായിരുന്നു. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയപ്പോഴാണ് മൂന്ന് പേരും ഉറക്കഗുളിക കഴിച്ചത്. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.























