
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയപ്പോര്. ക്രെഡിറ്റ് ഉമ്മന്ചാണ്ടിക്കുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അവകാശപ്പെട്ടു. എന്നാല്‍ തുറമുഖ നിര്‍മാണം പിണറായി വിജയന് സര്‍ക്കാരിന്റെ വിജയമാണെന്നും പ്രതിപക്ഷ വിമര്‍ശനം ദുര്‍ലക്ഷണമാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പറഞ്ഞു.


തുറമുഖനിര്‍മാണക്കരാര്‍ അദാനിക്ക് നല്‍കിയതിന് പിന്നാലെ എല്‍.ഡി.എഫ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നല്കിയ ഈ മറുപടി ഉയര്‍ത്തിപ്പിടിച്ച് യു.ഡി.എഫ് ആണ് ക്രഡിറ്റ് തര്‍ക്കത്തിന് തുടക്കമിട്ടത്. നാളെ നടക്കുന്ന കപ്പല്‍ സ്വീകരണം ആഘോഷമാക്കാന്‍ സര്‍ക്കാരും ഇടതുപക്ഷവും ഒരുങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് തുറമുഖത്തിന്റെ ശില്പിയെന്ന പ്രചാരണം കനപ്പിക്കുകയാണ് അവര്‍. ഉള്ളത് പറയുമ്പോള്‍ തുള്ളിയിട്ട് കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റേയും ഇഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് പറഞ്ഞു.
എല്‍ഡിഎഫിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞമെന്നും പ്രതിപക്ഷ വിമര്‍ശനം ദുര്‍ലക്ഷണമാണെന്നും ഇ.പി ജയരാജന്റെ മറുപടി.























