ബസുകള്‍ക്കിടയില്‍ ഞെരുങ്ങി സ്‌കൂട്ടര്‍; കോഴിക്കോട് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാര്‍. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. രണ്ട് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരിക്കുകയായിരുന്നു.