ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ തൊടാൻ പിണറായി സർക്കാറിന് കഴിയില്ല; സുരേന്ദ്രൻ

കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് സുരേന്ദ്രൻ പറ‍ഞ്ഞു.

ജനങ്ങളെ അണിനിരത്തി സുരേഷ് ഗോപിക്കെതിരായ രാഷ്ട്രീയ വേട്ടയെ നേരിടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോട്ടീസ് നൽകി വിട്ടയച്ച പശ്ചാത്തലത്തിലാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ്റെ പ്രതികരണം.

കേരളത്തിലെ ഏറ്റവും മനുഷ്യസ്‌നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സഹകരണ കൊള്ളയ്‌ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടല്‍ അദ്ദേഹത്തിനെതിരായി സര്‍ക്കാര്‍ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ല.- കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് പിണറായി വിജയന്റെ അജണ്ടയാണ്. സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ അനില്‍ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്. അതൊന്നും ഞങ്ങള്‍ വിലവെക്കില്ല. -കെ.സുരേന്ദ്രൻ പറഞ്ഞു.