യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയില്‍ നടപടി. അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘം അന്വേഷണം നടത്തും.

ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി എടുക്കും. സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യം പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിര്‍മിച്ചതെന്നും അന്വേഷിക്കും. 5 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.