കേരളീയം പരിപാടിയിൽ ആദിവാസി വിഭാ​ഗത്തെ പ്രദർശന വസ്തുവാക്കിയെന്ന പരാതി; റിപ്പോർട്ട് തേടി ദേശീയ പട്ടികവർഗ കമ്മീഷൻ

ഡല്‍ഹി: സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിരിക്കുന്നത്.

കേരളീയത്തിലെ ആദിവാസി വിഭാ​ഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാ​ഗത്തെ വേഷം കെട്ടി നിർത്തിയെന്നായിരുന്നു ആരോപണം.

ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.