കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേരള പൊലീസ് മുഖ്യപ്രതിയായ ഡോക്ടർ എം കെ റാമിനെ പിടികൂടുന്നത്. അഞ്ചരക്കണ്ടി ദന്തൽ കോളജ് പ്രൊഫസറായ ഡോക്ടർ റാം, ആന്ധ്രപ്രദേശിലെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവിൽ താമസിച്ചിരുന്നത്. താടി വെച്ച് രൂപം മാറിയായിരുന്നു താമസം.

ഒളിവിൽ താമസിച്ച കാലത്ത് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതും റാമിനെ കണ്ടെത്തുന്നതിൽ പൊലീസിനെ വലച്ചു. തുടർന്ന് റാമുമായി ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഇതോടെയാണ് റാമിന്റെ ഒളിയിടങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. റാമിന്റെ നാടായ ചിറ്റൂരിൽ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവന്നത്.


ഇതിനിടെ, ഗുണ്ടൂരിലേക്ക് മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഗുണ്ടൂരിലെത്തിയപ്പോഴേക്കും, തൊട്ടുമുമ്പായി റാം അവിടെ നിന്നും കടന്നു കളഞ്ഞു. ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയുടെ ഒരു നേതാവ് ഡോക്ടർ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണമാണ് റാമിന് തുണയായതെന്നും റിപ്പോർട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോൾ അപ്പോഴപ്പോൾ റാമിന് വിവരം കൈമാറിയിരുന്നു. ഇതിനിടെ ഡോക്ടർ റാം ബംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനകളെത്തുടർന്ന് ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കർണാടക കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കുടകിൽ ഡോക്ടർ റാം എത്തിയതായി വിവരം ലഭിക്കുന്നത്. കുടകിലെ ഒളിയിടത്തിൽ നിന്നും മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ്, ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടുന്നത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് മരിച്ച നിതിൻ രാജിന്റെ പിതാവ് രാജൻ അഭിപ്രായപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന് പങ്കുണ്ട്. അയാൾക്ക് ഒരു പങ്കുമില്ലെങ്കിൽ ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവിൽ താമസിക്കേണ്ട കാര്യമില്ലല്ലോ. ഡോക്ടർ റാം മാത്രമല്ല, നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. ഏപ്രിൽ 10 നാണ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻരാജ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്.





















