ജില്ലാ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍ 1 കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണം; ഉത്തരവ് വിവാദത്തില്‍

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി വിദ്യാര്‍ഥികള്‍ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണമെന്ന് നിര്‍ദ്ദേശം. ഓരോ സ്‌കൂളില്‍നിന്നും വിഭവം സമാഹരിക്കണമെന്നാണ് നിര്‍ദേശം. പേരാമ്പ്ര സെന്റ്. ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കലോത്സവ സംഘാടക സമിതിയുടെ ഫുഡ് കമ്മറ്റി അംഗങ്ങളാണ് സ്‌കൂളില്‍ വന്ന് പഞ്ചസാര നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഇതുപ്രകാരം പി.ടി.എ. അംഗങ്ങളുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ഉണ്ടായിട്ടില്ല. കുട്ടികളോട് നിര്‍ബന്ധം പറഞ്ഞിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.