ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

തെങ്കാശിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുട്ടിയെ കാര്‍ട്ടൂണ്‍ കാണിച്ച ലാപ്പ്‌ടോപിന്റെ ഐപി നമ്പര്‍ ലഭിച്ചതില്‍ നിന്നാണ് പത്മകുമാറിലും കുടുംബത്തിലേക്ക് പൊലീസ് എത്തിയത്. ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ പദ്ധതി. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടു പോകലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.