വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ച് നാട്ടുകാരുടെ വൻ പ്രതിഷേധം. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു പ്രതിഷേധം നടന്നത്. നിലവിൽ ബസ് സ്റ്റാൻഡിൽ മൃതദേഹം വച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനം വകുപ്പിന്റെ ജീപ്പ് തടയുകയും ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു.

ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു.

























