17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്.

ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു. മുന്‍പ് അധ്യാപകനെതിരെ കുട്ടി സിഡബ്ല്യൂസിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അധ്യാപകനെതിരെ വീണ്ടും പരാതി നല്‍കാന്‍ കുടുംബം തീരുമാനിച്ചിരിക്കെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.