പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. രാഷ്ട്രീയമോ സംഘടനാപരമോ ആയ വിഷയമല്ല ക്യാമ്പസിൽ നടന്നത്. വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. ക്യാമ്പസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി.

22 ന് കോളേജിൻ്റെ കണ്ടെത്തൽ പുറത്തുവന്നു. സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ 4 പേരെ സംഘടനയിൽ നിന്ന് പുറത്താക്കി. നിലവിൽ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 4 പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളത്. കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.























