മാനന്തവാടി: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി സിൻജോ ജോൺസണുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്. ഹോസ്റ്റലിലെ 21ആം നമ്പർ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിധ്യത്തിൽ കണ്ടെത്തി.

സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെയാണു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ ‘അലിഖിത നിയമ’മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചുവരുത്തിയ ശേഷമാണു സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.


അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റും കേബിൾ വയറും ഉപയോഗിച്ച് ഇടവേളയില്ലാതെ മർദിച്ചു. 21–ാം നമ്പർ ഹോസ്റ്റൽ മുറിയിൽവച്ചും പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തും മർദനം തുടർന്നു. പുലർച്ചെ 2 മണിവരെ പരസ്യ വിചാരണ നടത്തി. ക്രൂരമായ മർദനവും ആൾക്കൂട്ട വിചാരണയും നടത്തി മരണമല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർഥനെ എത്തിച്ചെന്നും റിമാർഡ് റിപ്പോർട്ടിൽ പറയുന്നു.























