തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിഡിഎസ് വിദ്യാർഥിയായ അനന്തു (24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നാണ് കല്ല് തെറിച്ച് വീണത്.

























