തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയത് അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ രേഖകൾ ഉടൻ സിബിഐക്ക് കൈമാറുന്നതിൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതിൽ ഭയമുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയിൽ വഴി സർക്കാർ പെർഫോമ റിപ്പോർട്ട് കൈമാറി.

























