കോഴിക്കോട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോഴിക്കോട്: മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശിയായ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.

വീടിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു സുമേഷിന്റെ മൃതദേഹം. വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ മരിച്ചത് ഉള്ളില്‍ വിഷം എത്തിയിട്ടാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച്‌ നാലുവര്‍ഷം മുമ്ബ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വിദേശത്തായിരുന്ന സുമേഷ്, ഭാര്യയുടെ മരണശേഷം തിരിച്ചുപോയിരുന്നില്ല. സാമ്ബത്തിക പ്രശ്നങ്ങളൊന്നും ഇവർക്ക് ഇല്ലായിരുന്നു. എന്താണ് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. തുടർന്ന് സമീപത്തുള്ള സുമേഷിന്റെ സഹോദരന്റെ വീട്ടിലെത്തി ഇവർ വിവരമറിയിച്ചു. തുടർന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയായിരുന്നു ഗോപിക. അനുജത്തി ജ്യോതിക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.