വാഹനം അമിതവേഗത്തിൽ ഇടിപ്പിച്ചു കയറ്റിയത്; അനുജയും ഹാഷിമും സീറ്റ്‌ബെൽറ്റ് ഇട്ടിരുന്നില്ല

പത്തനംതിട്ട: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പിൻറെ കണ്ടെത്തൽ. കാർ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. എൻഫോഴ്സ്മെൻറ് വിഭാഗത്തിൻറെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.

28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനിയും അധ്യാപികയുമായ അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവർ മരിച്ചത്. ടൂർ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിർത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. കാർ അമിത വേഗതയിൽ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നൽകിയിരുന്നത്. ഇതേ കാര്യമാണിപ്പോൾ മോട്ടോർ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്നും ഒരു സ്ഥലത്ത് പോലും ബ്രേക്ക് ചെയ്തിട്ടില്ലെന്നും കണ്ടെയ്നർ ലോറിയിലേക്ക് ഹാഷിം കാർ ഓടിച്ച് കയറ്റിയതാണെന്നും മോട്ടോർ വാഹനവകുപ്പിൻറെ പരിശോധനയിൽ തെളിഞ്ഞു. അനുജയെ ഇല്ലാതാക്കി ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ചതാണോ? അല്ലെങ്കിൽ ഇരുവരും അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് കാർ ഓടിച്ചു പോയതാണോ? അനുജയുടെയും ഹാഷിമിൻറെയും ഫോണുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട്‌ വരുന്നതോടെ ഇക്കാര്യങ്ങൾ വ്യക്തമാകും.