പട്ടാമ്പി: വല്ലപ്പുഴയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്കപ്പറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന(35), മകൾ നിഖ (12) എന്നിവരാണ് മരിച്ചത്. ബീന ഞായറാഴ്ച പുലർച്ചെയും നിഖ തിങ്കളാഴ്ച രാവിലെയോടെയുമാണ് മരണത്തിന് കീഴടങ്ങിയത്. സാരമായി പൊള്ളലേറ്റ മറ്റൊരു മകൾ നിവേദ (6) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബീന തീകൊളുത്തിയത്. മുറിയിൽനിന്ന് നിലവിളി കേട്ട് പ്രദീപിന്റെ പിതാവ് ചെന്നുനോക്കിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്, അയല്‍വാസികളെത്തി വാതില്‍പൊളിച്ച് അകത്തുകടന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. മക്കളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവ സമയം ഭർത്താവ് പ്രദീപ് വടകരയിൽ ജോലിസ്ഥലത്തായിരുന്നു. പ്രദീപിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽനിന്ന് ബീനയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.























