കോഴിക്കോട്: സൗദിയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികൾ ചേർന്ന് സമാഹരിച്ചതിന് പിന്നാലെ കുടുംബത്തിന് ലുലു ഗ്രൂപ്പിന്റെ സഹായം. അബ്ദുൾ റഹീമിന് വീട് നിർമിച്ച് നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായി നിയമ സഹായ സമിതി അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്ടർ ഷഹീൻ മുഹമ്മദുണ്ണിയാണ് ഇക്കാര്യം അറിയിച്ചതെന്നും നടപടികൾ ഉടൻ ആരംഭിക്കുമെന്നും റഹീം നിയമ സഹായ സമിതി അറിയിച്ചു.

അതേസമയം, അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ഊർജിതമാക്കിയിട്ടുണ്ട്. റഹീമിന് സംഭവിച്ച കയ്യബദ്ധത്തെത്തുടർന്ന് ജീവൻ നഷ്ടമായ സൗദി സ്വദേശിയായ പതിനഞ്ചുകാരന് നൽകാനുള്ള 34 കോടി രൂപ സമാഹരിച്ചെന്ന വിവരം റിയാദിലെ നിയമസഹായ സമിതി ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇന്നുതന്നെ സൗദി കുടുംബത്തിൻറെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയശേഷം തുടർ നടപടികൾ വേഗത്തിലാക്കാനാണ് നിയമ സഹായ സമിതിയുടെ തീരുമാനം. കരാർ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും വധശിക്ഷ റദ്ദ് ചെയ്യണമെന്ന കുടുംബത്തിൻറെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും.


കോടതി അനുമതി ലഭിച്ചാൽ സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ എംബസി മുഖേന സൗദി കുടുംബത്തിന്റെ പേരിൽ ഇതിനായി മാത്രം തയ്യാറാക്കുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പിന്നീടുള്ള നടപടിക്രമം. അതിന് ശേഷം വധശിക്ഷ റദ്ദ് ചെയ്തെന്ന ഉത്തരവ് ഇറക്കണം. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.
മകനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അബ്ദുൽ റഹീമിൻറെ ഉമ്മ ഫാത്തിമ.























