പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ പേവിഷബാധയേറ്റ ആള്‍ മരിച്ചു. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചികിത്സയിലായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് വീടിനു പരിസരത്ത് വെച്ചാണ് തെരുവുനായ ഇദ്ദേഹത്തിന്റെ കാലില്‍ കടിക്കുന്നത്. തുടര്‍ന്ന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചു. ഇതോടെ വീട്ടുകാര്‍ വീടിനു സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി ചികിത്സിച്ചു.

വീട്ടിലെത്തിയ ശേഷം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ഇതോടെ വീട്ടുകാർ അടൂർ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ രക്ത പരിശോധനയില്‍ വിഷബാധ ഏറ്റിട്ടുണ്ട് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.