തിരുവല്ല: യുട്യൂബ് വ്ലോഗ് ചെയ്ത് പ്രശസ്തരായവരും പണം നേടിയവരും ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പേജിൽ കഴിഞ്ഞ ദിവസം ഫോളോവേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഒരു പാചകക്കാരൻ. മോഹൻലാൽ ആകെ ഫോളോ ചെയ്യുന്നത് 26 പ്രമുഖരായ വ്യക്തികളെയാണ്. രത്തൻ ടാറ്റയും, സച്ചിൻ ടെണ്ടുൽക്കറും

എ. ആർ. റഹ്‌മാനും, ഹിന്ദി നടൻ അക്ഷയ്കുമാറും പൃഥ്വിരാജും അവരിൽ ഉൾപ്പെടും. എന്നാൽ അക്കൂട്ടത്തിൽ ഇടം നേടിയിരിക്കുന്നത് വില്ലേജ് സ്‌പൈസസ് എന്ന ഫുഡ് വ്ലോഗ് പേജ് ആണ്. രുചികരമായ ഭക്ഷണത്തെ ഒരുപാട് ഇഷ്ടപെടുന്നയാളാണ് മോഹൻലാൽ. എന്നാൽ ഒട്ടനവധി ഫുഡ് വ്ലോഗ് ചാനൽ ഉണ്ടെങ്കിലും തങ്ങളുടെ ചാനലിനെ അദ്ദേഹം ഫോളോ ചെയ്തതിന്റെ നടുക്കത്തിലാണ് വില്ലേജ് സ്‌പൈസസ് വ്ലോഗിന്റെ അണിയറക്കാർ.


തിരുവല്ല പായിപ്പാട് സ്വദേശി നസീർ ആണ് ചാനൽ നടത്തുന്നത്. ഭാര്യക്കും മക്കൾക്കും ഒപ്പം വിവിധ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യും. പാചകക്കാരനായ നസീർ കോവിഡ് കാലത്ത് തുടങ്ങിയ യുട്യൂബ് ചാനൽ ഇപ്പോൾ ഏഴ് ലക്ഷത്തിലധികം പേർ പിന്തുടരുന്നുണ്ട്. മകനാണ് പിന്തുണ നൽകിയത്.
ഇൻസ്റ്റാഗ്രാമിലും വീഡിയോ അപ്‌ലോഡ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ 58 ലക്ഷം ഫോളോവേഴ്‌സുള്ള മോഹൻലാൽ ഇവരുടെ പേജ് ഫോളോ ചെയ്യുന്നത്. ഇവർ ഉണ്ടാക്കുന്ന വ്യത്യസ്ഥമായ ഫുഡ് ആകാം മോഹൻലാലിനെ ആകർഷിച്ചത്.
മോഹൻലാലിനെ നേരിൽ കാണണമെന്നാണ് നസീറിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന നസീറിന്റെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുന്നതിന് യുട്യൂബ് ചാനൽ സഹായമാകുന്നു. വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ഫുഡ് വ്ലോഗ് രംഗത്ത് വ്യത്യസ്തരാകുകയാണ് വില്ലജ് സ്‌പൈസസ്.























